കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ ദേശീയപാത ബൈപാസ് നിര്‍മാണത്തിനെതിരെ നിരാഹാര സമരം നയിച്ച ഷബീനയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഷബീനയുടെ നേതൃത്വത്തില്‍ സ്ത്രീകളാണ് ഇവിടെ സമരം നടത്തുന്നത്.
വയലുകളും തണ്ണീര്‍ തടങ്ങളും നികത്തി ദേശീയ പാതക്ക് ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ഇവിടെ ജനകീയ കൂട്ടായ്മ സമരം തുടങ്ങിയത്. ഷബീനയെ രാവിലെ പോലീസിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ രക്തസമ്മര്‍ദമടക്കം പ്രാഥമിക പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. എന്നാല്‍ വിശദ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് പോലീസ് പറഞ്ഞു.
സമര നേതാക്കളെല്ലാം പിരിഞ്ഞു പോയതിനു പിന്നാലെ ഉച്ചക്ക് ശേഷമാണ് നാടകീയമായി പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തത്. പന്തലില്‍ നിന്നും വലിച്ചിഴച്ചാണ് ഷബീനയെ പോലീസ് വാഹനത്തില്‍ കയറ്റിയത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തേ അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. വേണ്ടി വന്നാല്‍ സ്വകാര്യ ഡോക്ടറുടെ പരിശോധന ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കിയ സാഹചര്യത്തില്‍ വീണ്ടും ഒരു വനിത നിരാഹാര സമരം നടത്തുമെന്നും അവര്‍ അറിയിച്ചു.
