കുവൈറ്റ്: കുവൈറ്റില്‍ മുപ്പത് തികയാത്ത ബിരുദ/ഡിപ്ലോമക്കാര്‍ക്ക് വീസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയെന്ന് റിപ്പോര്‍ട്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹിനെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 30 വയസ്സ് തികയാത്ത ബിരുദ/ഡിപ്ലോമക്കാര്‍ക്ക് ജൂലൈ ഒന്നുമുതല്‍ വീസ നല്‍കേണ്ടതില്ലെന്നായിരുന്നു മുന്‍പുള്ള തീരുമാനം. എന്നാല്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം നീക്കുന്നതെന്നാണ് സൂചന.
സ്വകാര്യ, എണ്ണമേഖലകളില്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നിയമമാണ് ജൂലൈ ഒന്നിലേക്ക് മാറ്റിയിരുന്നത്. തൊഴില്‍ വിപണിയില്‍ വിദേശികളുടെ ആധിക്യവും പഠനം പൂര്‍ത്തിയാക്കിയ ഉടനെ പരിശീലനമൊന്നും കൂടാതെ എത്തുന്നവര്‍ക്ക് ആദ്യം തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങള്‍ പരിശീലനകേന്ദ്രങ്ങള്‍ ആയി മാറുന്നുവെന്ന കാരണത്താലുമാണ് മുന്‍പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വ്യക്തമാക്കിയാണ് അധികൃതര്‍ തീരുമാനം മാറ്റിയിരിക്കുന്നത്.
