ലഖ്നൗ: സുപ്രിം കോടതി നിര്‍ദേശ പ്രകാരം ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിഞ്ഞു. ബംഗ്ലാവിന്റെ താക്കോല്‍ സ്പീഡ് പോസ്റ്റായാണ് മായാവതി സര്‍ക്കാരിലേക്ക് അയച്ചത്. മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവുകള്‍ ഒഴിയണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം.
താക്കോല്‍ നേരിട്ട് സ്വീകരിക്കാന്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് മായാവതി താക്കോല്‍ സര്‍ക്കാരിലേക്ക് സ്പീഡ് പോസ്റ്റായി അയച്ചത്. സുപ്രിം കോടതി നിര്‍ദേശ പ്രകാരമാണ് മായാവതി ബംഗ്ലാവ് ഒഴിഞ്ഞത് എന്നാണ് ബിഎസ്പി മാധ്യമങ്ങളോട് പറഞ്ഞത്.
അതേ സമയം തങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് മായാവതി ബംഗ്ലാവ് ഒഴിഞ്ഞതെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവിനു പുറമെ മായാവതി ഉപയോഗിക്കുന്ന മറ്റൊരു ആഢംബര ബംഗ്ലാവ് കൂടി ഒഴിഞ്ഞു കൊടുക്കണം എന്നാണ് യുപി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ സ്മാരകമെന്ന് ബിഎസ്പി അവകാശപ്പെടുന്ന ബംഗ്ലാവാണ് സര്‍ക്കാര്‍ ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഈ ബംഗ്ലാവിന് പുറത്ത് ശ്രീ കാന്‍ഷി റാംജി നഗര്‍ വിശ്രം സ്ഥല് എന്ന ബോര്‍ഡ് ബിഎസ്പി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിഎസ്പിയുടെ മുതിര്‍ന്ന നേതാവ് സതീഷ് ചന്ദ്ര മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. മായാവതി ബംഗ്ലാവിന്റെ രണ്ട് മുറികള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അവരാണ് സംരക്ഷണ ചുമതല നടത്തുന്നതെന്നും അറിയിച്ചിരുന്നു.
