കൈക്കൂലി കേസില്‍ നികുതിവകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ്‌ പിടിയില്‍

പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ നികുതിവകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ്‌ പിടിയില്‍. സംസ്‌ഥാന ജി.എസ്‌.ടി. വകുപ്പിന്റെ ചിറ്റൂര്‍ ഓഫീസിലെ ഉദ്യോഗസ്‌ഥന്‍ ഹബീബ്‌ റഹ്‌മാന്‍(55) ആണ്‌ വിജിലന്‍സിന്റെ പിടിയിലായത്‌. വടവന്നൂര്‍ സ്വദേശി അനന്തകൃഷ്‌ണനെന്ന മുറുക്ക്‌ വ്യാപാരിയില്‍ നിന്ന്‌ 40,000 രൂപ കൈക്കൂലി വാങ്ങവേയാണു ഹബീബ്‌ റഹ്‌മാനെ കൈയോടെ പിടിച്ചത്‌.

ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. 2012-13 ലെ നികുതി നിര്‍ണയം നടത്തി 15,530,00 രൂപ നികുതി അടയ്‌ക്കണമെന്നു നോട്ടീസ്‌ നല്‍കിയിരുന്നു. ഇത്രയും തുക വരാന്‍ സാധ്യതയില്ലെന്നും കൃത്യമായി നികുതിയടയ്‌ക്കുന്നുണ്ടെന്നും അനന്തകൃഷ്‌ണന്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന്‌ 50,000 രൂപ നല്‍കിയാല്‍ നിയമനടപടികള്‍ ഒഴിവാക്കാമെന്ന്‌ ഉദ്യോഗസ്‌ഥന്‍ വാഗ്‌ദാനം ചെയ്‌തു. അതുപ്രകാരം 10,000 രൂപ കഴിഞ്ഞമാസം പത്തിന്‌ നല്‍കിയിരുന്നു. ബാക്കി തുക നല്‍കാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ചു. തുടര്‍ന്ന്‌ അനന്തകൃഷ്‌ണന്‍ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

വിജിലന്‍സ്‌ ഡിവൈ.എസ്‌.പി: കെ.എ. ശശിധരന്റെ നിര്‍ദേശപ്രകാരം ബാക്കി തുക കൈമാറുന്നതിനിടെയാണ്‌ വിജിലന്‍സ്‌ സംഘം ഹബീബ്‌ റഹ്‌മാനെ കസ്‌റ്റഡിയിലെടുത്തത്‌.

Leave a Reply

Your email address will not be published. Required fields are marked *