മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്താല്‍ ക്രിമിനല്‍ കുറ്റം ചുമത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരിലുള്ള പരിശോധന തുടരും. വിഷാംശം കണ്ടെത്തിയ മത്സ്യങ്ങള്‍ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചു. ചെക്ക് പോസ്റ്റില്‍ വച്ച്‌ തന്നെ കേസെടുത്തെന്നും സംഭവത്തില്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു. മീനില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ക്കൈകൊള്ളാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തി കയറ്റി അയയ്ക്കുന്നത് അംഗീകരിക്കാനാകില്ല.

വളരെ സങ്കീര്‍ണമായ വിഷയമാണിത്. ആരോഗ്യവകുപ്പിന് കീഴില്‍ മാത്രം ഇത് ഒതുങ്ങില്ല. അതിനാല്‍ ധൃതിപിടിച്ച്‌ നടപടി സ്വീകരിക്കുക സാദ്ധ്യമല്ല. നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ ഉള്‍പ്പെടെ സഹായം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. പിടിച്ചെടുത്ത മീനുകള്‍ അവ കൊണ്ടുവന്ന ഇടങ്ങളിലേക്ക് തിരിച്ചയച്ച്‌ അവിടെ വച്ചുതന്നെ നശിപ്പിക്കും. 28,000 കിലോഗ്രാം മീനാണ് ഇതുവരെ പിടിച്ചെടുത്തതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *