തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക്. ആഗസ്റ്റ് ആറിന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, ദേശസാത്കൃത ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത-ചരക്കുകടത്തു വാഹനങ്ങള്‍ മുഴുവന്‍ പണിമുടക്കില്‍ പങ്കുചേരുമെന്ന് സമരസമിതി അറിയിച്ചു.
ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂനിയനുകളും പ്രാദേശിക യൂനിയനുകളും തൊഴില്‍ ഉടമ സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്. അതോടൊപ്പം ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്, സ്പെയര്‍ പാര്‍ട്സ് വിപണന ശാലകള്‍, ഡ്രൈവിംഗ് സ്കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കള്‍ ഷോറൂമുകള്‍ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കുചേരുമെന്ന് അഖിലേന്ത്യ കോ ഓഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.
