സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തല്‍. ഉന്നത മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നതായും ശക്തമായ നടപടിക്ക് എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

മതസ്പര്‍ധ വളര്‍ത്തി അക്രമം നടത്താന്‍ ശ്രമിക്കുന്ന ചില സംഘടനകളെ നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പോക്‌സോ കേസുകളുടെ നടത്തിപ്പിലെ വീഴ്ച പരിഹരിക്കാന്‍ എസ്പിമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമണ്ട്.

അഭിമന്യു വധം അടക്കമുള്ള സമീപകാല കേസുകള്‍ വിലയിരുത്തിയാണ് വര്‍ഗീയ ധ്രുവീകരണ ശ്രമം മുന്‍വര്‍ഷങ്ങളേക്കാള്‍ ശക്തിപ്പെട്ടതായി ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തിയത്. 2018ല്‍ വര്‍ഗീയ സംഘര്‍ഷമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ സംഘര്‍ഷമുണ്ടാക്കുകയെന്നത് ചില സംഘടനകള്‍ രഹസ്യ അജണ്ടയായി നിശ്ചയിച്ചിട്ടുണ്ട്. അപ്രഖ്യാപിത ഹര്‍ത്താല്‍ മുതലുള്ള അക്രമങ്ങള്‍ മുന്നറിയിപ്പായി കാണണമെന്നും യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *