കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി ചികില്‍സയില്‍ കഴിയുന്ന പി.ജയരാജനെ തിരുവനന്തപുരത്തേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ആംബുലന്‍സിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന് വിദഗ്്ദ ചികില്‍സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുന്നത്. നെഞ്ചുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടൈന്ന് ജയരാജന്‍ ഇടക്കിടെ പറയുന്നതിനാലാണ് പുതിയ തീരുമാനം.
വിദഗ്ധ പരിശോധന വേണമെന്നു നിര്‍ദേശിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് സംഘം തിരുവനന്തപുരം ശ്രീചിത്തിര, ഡല്‍ഹി എയിംസ്, ബംഗളൂരു ജയദേവ തുടങ്ങിയ ഏതെങ്കിലും ആശുപത്രിയിലായിരിക്കണം ജയരാജനെ പരിശോധിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ജയരാജന്റെ ആരോഗ്യനില കുഴപ്പമില്ലെന്നായിരുന്നു അദ്ദേഹത്തെ ആദ്യം പരിശോധിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതേസമയം, ജയരാജനെ വിട്ടുകിട്ടാന്‍ സി.ബി.ഐ വീണ്ടും നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും.
