അമേരിക്കയിലേക്കുള്ള രണ്ട് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി അ‌ജ്ഞാത രോഗം

വാഷിംഗ്‌ടണ്‍: ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് തിരിച്ച എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിന് പിന്നാലെ കൂടുതല്‍ യാത്രക്കാരില്‍ സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയത് ആശങ്കയ്‌ക്ക് ഇടയാക്കി. യൂറോപ്പില്‍ നിന്നും അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക് വന്ന രണ്ട് വിമാനങ്ങളിലെ യാത്രക്കാരെയും ജീവനക്കാരെയുമാണ് കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയത്. അതേസമയം, ദുബായ് വിമാനത്തിലെ യാത്രക്കാര്‍ക്ക് അസുഖം ബാധിച്ചതിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് അധികൃതരുടെ അനുമാനം.

പാരീസില്‍ നിന്നും മ്യൂണിച്ചില്‍ നിന്നും വന്ന ഓരോ വിമാനങ്ങളിലെ 250 യാത്രക്കാരെയാണ് മെഡിക്കല്‍ പരിശോധനയ്‌ക്ക് വേണ്ടി തടഞ്ഞുവച്ചതെന്ന് ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇരുവിമാനങ്ങളും വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ട രോഗികളെ വിമാനത്താവളത്തിലെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. വിമാനത്തിലെ 12 യാത്രക്കാരില്‍ അസാധാരണമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ വൈദ്യപരിശോധനയുടെ ഫലം വരുന്നതിന് അനുസരിച്ച്‌ 24 മണിക്കൂറിനുള്ളില്‍ വിട്ടയയ്‌ക്കും. ബാക്കിയുള്ളവരെ യാത്ര തുടരാന്‍ അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ദുബായില്‍ നിന്നുമെത്തിയ എമിറേറ്റ്സ് വിമാനത്തിലെ നൂറോളം പേര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് തടഞ്ഞുവച്ചെന്ന വാര്‍ത്ത ഏറെ ആശങ്ക സൃഷ്‌ടിച്ചിരുന്നു. എന്നാല്‍ വിമാനത്തിലെ പത്ത് യാത്രക്കാര്‍ക്ക് മാത്രമാണ് അസുഖം ബാധിച്ചതെന്നും മറ്റുള്ളവരെ വിട്ടയച്ചെന്നുമാണ് വിമാനക്കമ്ബനി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ഹോബി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരില്‍ അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് ഹൂസ്‌റ്റണിലെ ആരോഗ്യവകുപ്പ് അധികൃ‌തര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *