മൂന്നു നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂയോര്‍ക്ക്: മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പടെ അഞ്ചുപേരെ കുത്തി പരിക്കേല്‍പ്പിച്ച യുവതി കൈത്തണ്ട മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനധികൃത നഴ്സറിയായി പ്രവര്‍ത്തിച്ചിരുന്ന വീട്ടിലാണ് ദാരുണ സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

കൃത്യത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്ബത്തിരണ്ടുകാരിയായ നഴ്സറി ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കിയതായും പോലീസ് അറിയിച്ചു. മൂന്നു ദിവസവും ഒരു മാസവും പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ വയറ്റില്‍ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. 20 ദിവസം പ്രായമുള്ള മറ്റൊരു കുട്ടിയുടെ ചെവിയിലും ചുണ്ടിലും താടിയിലുമാണ് കുത്തിയത്.

കുട്ടികളിലൊരാളുടെ പിതാവും നഴ്സറിയിലെ മറ്റൊരു ജീവനക്കാരിയും കുത്തേറ്റവരില്‍ ഉള്‍പ്പെടും. രക്തം വാര്‍ന്നൊഴുകി അബോധാവസ്ഥയിലാണ് കൃത്യം നടത്തിയ സ്ത്രീയെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *