കേരളീയരെ നാണം കെട്ടവരെന്ന് വിളിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ കേസ്

കണ്ണൂര്‍: പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇയില്‍ നിന്നുള്ള സഹായം തേടിയത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച്‌ അപമാനിച്ച റിപ്പബ്ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറും മാദ്ധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കേസ് ഫയല്‍ ചെയ്തത്. കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്)കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇയില്‍നിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന് വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിപ്പബ്ലിക് ടിവി ചാനലില്‍ അര്‍ണബ് ഗോസ്വാമി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പ്രളയത്തില്‍ നിന്നും നീന്തി കരകയറിയ മലയാളികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും ശ്രമിക്കുമ്ബോള്‍ അവരെ സഹായിക്കരുതെന്ന് അര്‍ണാബ് ആഹ്വാനം ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു. യു.എ.ഇ സ്വമേധയാ സഹായം വാഗ്ദാനം ചെയ്തുവെന്നും അതിനവരെ അഭിനന്ദിക്കുന്നുവെന്നും ആഗസ്റ്റ് 18ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നുവെന്ന് പി.ശശി പരാതിയില്‍ ചൂണ്ടിക്കാട്ടി.

അര്‍ണാബിന്റെ പ്രസ്താവനയെ തുടര്‍ന്ന് മലയാളികള്‍ റിപ്പബ്ളിക് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താഴെ ശക്തമായി പ്രതിഷേധിച്ചിരുന്നു. അര്‍ണാബിന്റെ പരാമര്‍ശത്തിനെതിരെ നടന്‍ അജു വര്‍ഗീസും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *