അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട, ആഞ്ഞടിച്ച്‌ മോദി

ന്യൂഡല്‍ഹി: നോട്ടുനിരോധനം പരാജയമാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആരോപണത്തിന് ശക്തമായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്‌ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ലെന്ന് മോദി പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യമെടുത്ത രാഹുലും അമ്മ സോണിയാ ഗാന്ധിയും നോട്ടുനിരോധന വിഷയത്തിലൂന്നി മോദിയെ നിരന്തരം വിമര്‍ശിച്ചിരുന്നു.

അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയും മകനും ചേര്‍ന്ന് തനിക്ക് സത്യസന്ധതയ്‌ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമത്തിലാണ്. നോട്ടുനിരോധനത്തിന്റെ ഗുണങ്ങളെന്താണെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു. നോട്ടുനിരോധനത്തിന്റെ ഫലമായാണ് തങ്ങള്‍ക്ക് ജാമ്യമെടുക്കേണ്ടി വന്നതെന്ന് ഇക്കൂട്ടര്‍ മറക്കുകയാണെന്നും മോദി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിര്‍മശനങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *