ശശികല നാട്ടില്‍ വര്‍ഗീയ വിഷം ചീറ്റുന്നു, ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച്‌ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ശബരിമല യുവതി പ്രവേശനവിധി ഒരു സുവര്‍ണാവസരമായി കരുതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയ്യപ്പഭക്തരോടും വിശ്വാസികളോടും ഒരു പ്രതിബദ്ധതയില്ലെന്ന് തെളിയിക്കുന്ന സന്ദര്‍ഭമാണിതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിഷ്കളങ്കരായ ഭക്തജനങ്ങളും വിശ്വാസികളും ഇവരുടെ ഈ പ്രചാരണത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം ഇപ്പോള്‍ അവരുടെ രാഷ്ട്രീയ അജണ്ട ബോദ്ധ്യപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമലയെ തകര്‍ക്കാന്‍ ആരാണ് കരുക്കള്‍ തീര്‍ക്കുന്നതെന്ന് നമുക്ക് വ്യക്തമായി അറിയാം. കൊച്ചുവെളുപ്പാന്‍ കാലത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കാരണമായിട്ട് അവര്‍ പറയുന്നത് ശശികലയെ അറസ്റ്റ് ചെയ്തു എന്നതാണ്. ശശികല എന്താണ് ചെയ്യുന്നത്, അവര്‍ നമ്മുടെ നാട്ടില്‍ എമ്ബാടും നടന്ന് വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ആളുകള്‍ക്ക് അവരുടെ വിഷം ചീറ്റല്‍ വളരെ ഇഷ്ടമാണ്. ഒരു വനിതയുടെ വായില്‍ നിന്നും വരാന്‍ പറ്റാത്ത അത്ര സംസ്കാര ശൂന്യമായിട്ടാണ് അവര്‍ പലപ്പോഴും സംസാരിച്ചിട്ടുള്ളത്.അത് അവരുടെ സ്വാതന്ത്ര്യമാണ്. കേരളം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന് ഒരു നാടാണ്. വേണമെങ്കില്‍ നമുക്ക് ഇതിനെ നമ്മുടെ നാടിന്റെ സംസ്കാരത്തിന് ചേരാത്തതാണെന്ന് പറയാം-കടകംപള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *