സന്നിധാനത്ത് അക്രമം കാണിച്ച ആര്‍.എസ്.എസുകാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളെപ്പോലെ: കോടിയേരി

തിരുവനന്തപുരം:സുവര്‍ണക്ഷേത്രം കൈയ്യേറാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ – സിഖ് തീവ്രവാദികളെപ്പോലെയാണ് ശബരിമലയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ നേതാക്കളെ നിയോഗിച്ച്‌ ബി.ജെ.പി സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരോ കേരളത്തിലെ ഇടത് സംഘടനകളോ ശബരിമലയില്‍ കയറാന്‍ സ്ത്രീകളെ നിയോഗിച്ചിട്ടില്ല. മണ്ഡല മകരവിളക്കിന് നട തുറന്ന ശേഷം യുവതികളാരും ശബരിമലയില്‍ കയറാന്‍ ശ്രമിച്ചിട്ട് പോലുമില്ല. പിന്നെന്തിനാണ് ബി.ജെ.പി ശബരിമലയെ കലാപഭൂമിയാക്കുന്നതെന്ന് മനസിലാകുന്നില്ല. വിശ്വാസികളുടെ വികാരം മാനിച്ച്‌ സന്നിധാനത്തെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കരുത്. കേരളത്തില്‍ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നില്‍. ഖാലിസ്ഥാന്‍ സിഖ് തീവ്രവാദികള്‍ സുവര്‍ണ ക്ഷേത്രം കൈയ്യടക്കി കലാപ ഭൂമിയാക്കാന്‍ ശ്രമിച്ചത് പോലെയാണ് ശബരിമലയില്‍ ആര്‍.എസ്.എസിന്റെ നീക്കം.

ശബരിമല ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ആര്‍.എസ്.എസ് മനുഷ്യകവചമാക്കുകയാണ്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *