പൂജാരിമാരുടെ വസ്ത്രധാരണം വാക്കുകള്‍ വിഷമമായെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് മന്ത്രി സുധാകരന്‍

ആലപ്പുഴ: തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച്‌ താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്ന് ജി. സുധാകരന്‍. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണം മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കവെയാണ് പൂജാരിമാരുടെ വസ്ത്രധാരണം വാക്കുകള്‍ വിഷമമായെങ്കില്‍ പിന്‍വലിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞത്.

ശബരിമലയെ ഈ രീതിയില്‍ ആക്കിയവര്‍ക്ക് വോട്ടു കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഏറ്റവും മോശമായ നെഗറ്റീവ് പൊളിറ്റിക്സ് ആണ് ബി.ജെ.പി പയറ്റുന്നത്. ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും ഇതിനുമുമ്ബ് കാണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ല. ഏതു പാര്‍ട്ടിയാണോ ഇപ്പോള്‍ കാണിക്കുന്നത് അവര്‍ അനുഭവിക്കുമെന്നാണ് തന്റെ മനസ് പറയുന്നത്.ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല.

അവിടെ ബഹളമുണ്ടാക്കുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി വരുന്നതില്‍ വിരോധമില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ പോയാല്‍ അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല. ഒരു കാരണവശാലും അവിടെ സമരം പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *