ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാര്‍ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ഉച്ചക്ക് 1.45ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

അതേസമയം, സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഇന്നലെ മുതല്‍ ഭാഗികമായി ഇളവ് നല്‍കിയിരുന്നു.

സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐ.ജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കി.എന്നാല്‍ നിലവില്‍ ഇവിടെ വിരിവക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് വിരിവയ്ക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവര്‍ക്ക് പൊലീസ് സേവനം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *