രാജി നിരുപാധികം, പാര്‍ട്ടി പിളരില്ല- മാത്യു ടി തോമസ്

തിരുവനന്തപുരം: പൂര്‍ണസംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്ന് മാത്യു ടി തോമസ്. ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലതുപക്ഷത്തേക്ക് പോകില്ല. ഇടതുപക്ഷത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവിക സ്ഥാനം. ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോടു ഭ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.അദ്ദേഹത്തില്‍നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു. രണ്ടരവര്‍ഷം കൊണ്ട് 9600 കോടിയുടെ പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കിയതെന്നും സംസ്ഥാനം നേരിട്ട വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും വകുപ്പ് നന്നായി ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലിഫ് ഹൗസിലെത്തിയാണ് മാത്യു ടി തോമസ് രാജിക്കത്ത് കൈമാറിയത്. പുതിയ സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ക്ലിഫ് ഹൗസിലെത്തിയാണ് രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *