ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്ബൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റ സംഗീതിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു.
കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. നേരത്തെ ഇവര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ്ണ ശിവകാമിയുടെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.
