അമിത് ഷാ തന്ത്രം കേരളത്തിലും: മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി ബി.ജെ.പിയിലേക്ക്

ശബരിമല വിഷയത്തിലെ നിലപാടില്‍ പ്രതിഷേധിച്ച്‌ ജി.രാമന്‍പിള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച്‌ ബി.ജെ.പിയിലെത്തിയ മാതൃകയില്‍ മറ്റൊരു നേതാവ് കൂടി ബി.ജെ.പിയിലെത്തുമെന്ന് വിവരം. മുന്‍ കെ.ടി.ഡി.സി ചെയര്‍മാനും കെ.പി.സി.സി ഭാരവാഹിയുമായിരുന്ന വിജയന്‍ തോമസാണ് ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയെന്നും പാര്‍ട്ടിയില്‍ ചേരുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം. പാര്‍ട്ടി പരിപാടികള്‍ക്കായി അമിത് ഷാ കേരളത്തില്‍ എത്തുമ്ബോള്‍ വിജയന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വമെടുക്കും.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്‌ഹിന്ദ് ടിവിയുടെ ചുമതലയുണ്ടായിരുന്ന വിജയന്‍ തോമസ് ബി.ജെ.പിയില്‍ ചേരുമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ വിജയനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി അനുകൂല ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖവും കോണ്‍ഗ്രസില്‍ മുറുമുറുപ്പ് സൃഷ്‌ടിച്ചിരുന്നു. നേരത്തെ 2011ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയന്‍ തോമസിന് സീറ്റ് നല്‍കാത്തത് വാ‌ര്‍ത്തായായിരുന്നു. പിന്നീട് കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹത്തിന് നല്‍കി.

ബി.ജെ.പിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കന്മാര്‍ എത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസവും അവകാശപ്പെട്ടിരുന്നു. നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ സ്വാധീനമുള്ള വിജയന്‍ തോമസ് പാര്‍ട്ടിയിലെത്തിയാല്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *