ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിത: കടകംപള്ളി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ‘ശശികല വര്‍ഗീയത വ്യാപിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്‌ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു’, ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ശശികലയുടെ ദേവസ്വംബോര്‍ഡ് സംബന്ധിച്ചുള്ള വര്‍ഗീയ പ്രസ്‌താവനയ്ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. ശബരിമലയില്‍ ആര്‍.എസ്.എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.

ഭക്തജനങ്ങള്‍ക്കെതിരെയല്ല, ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ഗീയവാദികള്‍ക്കൊപ്പം സഞ്ചരിക്കുകയാണെന്നും അവര്‍ക്കൊപ്പം ഓടിയെത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി. ഇത് മതേതരത്വത്തെ തകര്‍ക്കും. വൈകിയ വേളയില്‍ എങ്കിലും തെറ്റു തിരുത്താന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *