കല്യാണത്തിന് വസ്ത്രങ്ങള്‍ വാങ്ങി വീട്ടുകാര്‍ മടങ്ങി, അഞ്ചു വയസുകാരിയെ മാളില്‍ മറന്നു; കുട്ടി കൂടെയില്ലെന്ന് അറിഞ്ഞത് പാതിരാത്രി പൊലീസ് വിളിച്ചപ്പോള്‍

കോഴിക്കോട്; ഷോപ്പിങ്ങിന് എത്തിയ വീട്ടുകാര്‍ അഞ്ചു വയസുകാരിയെ മാളില്‍ മറന്നു. പാതിരാത്രിയോടെ പൊലീസുകാര്‍ വിളിച്ചപ്പോള്‍ മാത്രമാണ് കുട്ടിയെ മറന്ന കാര്യം അറിയുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രമെടുക്കാനാണ് വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിക്കൊപ്പം മാളില്‍ എത്തിയത്. എന്നാല്‍ കുട്ടിയെ മാളില്‍ മറന്ന് ഇവര്‍ വീട്ടിലേക്ക് പോവുകയായിരുന്നു.

രാത്രി 11 ന് മാള്‍ അടയ്ക്കുന്ന സമയത്താണ് ജിവക്കാര്‍ കുട്ടിയെ കാണുന്നത്. കുട്ടിയ്ക്ക് സ്‌കൂളിന്റെ പേര് മാത്രമാണ് അറിയാമായിരുന്നത്. മാള്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. കുട്ടിയുടെ സ്‌കൂളിലെ അധ്യാപകരുമായി ബന്ധപ്പെട്ടാണ് കുട്ടിയുടെ വീട്ടുകാരുടെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ചത്.

കുട്ടിയുടെ പിതാവ് വിദേശത്താണ്. അമ്മയാണെങ്കില്‍ ഇതൊന്നും അറിയാതെ വീട്ടിലായിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ നമ്ബറിലേക്ക് വിളിച്ചാണ് പൊലീസ് വിവരം പറഞ്ഞത്. അപ്പോള്‍ മാത്രമാണ് കുട്ടിയെ മറന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ബന്ധുക്കള്‍ എത്തി കുട്ടിയെ കൊണ്ടുപോയി. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രം എടുക്കാന്‍ എത്തിയതായിരുന്നു വീട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *