വോട്ടേഴ്‌സ് വോള്‍

പത്തനംതിട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള വോട്ടേഴ്‌സ് വോളിന്റെ ഉദ്ഘാടനം 21ന് രാവിലെ 11ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന്‍ ഓഫീസറുമായ എസ്. ഹരികിഷോര്‍ നിര്‍വഹിക്കും. തുടര്‍ന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന സ്വീപ് പദ്ധതിക്ക് ഐക്യദാര്‍ഡ്യമായി ജില്ലാ കളക്ടര്‍ക്കൊപ്പം പൊതുജനങ്ങളും കളക്ടറേറ്റിലെ ജീവനക്കാരും വോട്ടേഴ്‌സ് വോളില്‍ ഒപ്പ് രേഖപ്പെടുത്തും. ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, താലൂക്ക് ഓഫീസുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഒപ്പ് രേഖപ്പെടുത്തുന്നതിന് വോട്ടേഴ്‌സ് വോളുകള്‍ ക്രമീകരിക്കും. ഞാന്‍ വോട്ട് ചെയ്യും മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും എന്ന സന്ദേശത്തിനു താഴെയായി ഒപ്പ് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പ് പരാതികള്‍ ഓണ്‍ലൈനായി നല്‍കാം നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഓണ്‍ലൈനായി epariharam.kerala.gov.in എന്ന ലിങ്ക് മുഖേന സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷകര്‍ക്ക് നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. പരാതിയോടൊപ്പം ഫോട്ടോ, വീഡിയോ എന്നിവയും നല്‍കാം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം, പണം, ഉപഹാരം, കൂപ്പണ്‍ വിതരണം, മദ്യം, പോസ്റ്ററുകള്‍, ഹോര്‍ഡിംഗ്, മാധ്യമങ്ങളിലെ പരസ്യങ്ങള്‍, തിരഞ്ഞെടുപ്പ് റാലി, പെരുമാറ്റം, തോക്ക് ലൈസന്‍സ് സറണ്ടര്‍ ചെയ്യാതിരിക്കുക, സ്ഥാനാര്‍ഥികളുടെ ചെലവ്, രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവ്, പോളിംഗ് സ്‌റ്റേഷന്‍, സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടിക, വോട്ടര്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് ഫോം 6 പേര് ചേര്‍ക്കുക, ഫോം എട്ട് തെറ്റ് തിരുത്തുക, ഫോം 8എ നിയോജകമണ്ഡലത്തിലെ മറ്റൊരു പോളിംഗ് സ്‌റ്റേഷനിലേക്ക് പേര് മാറ്റുക, വോട്ടര്‍ കാര്‍ഡ് ലഭിച്ചില്ല, വോട്ടര്‍ കാര്‍ഡില്‍ തെറ്റ് തുടങ്ങിയ പരാതികള്‍ നല്‍കാം. പരാതിക്കാരന്റെയോ, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഇഷ്ടാനുസരണം തിരഞ്ഞെടുപ്പ് കമ്മീഷനോ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കോ, റിട്ടേണിംഗ് ഓഫീസര്‍ക്കോ, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കോ പരാതി അയയ്ക്കാനുള്ള സംവിധാനം വെബ്‌സൈറ്റിലുണ്ട്. അക്ഷയ കേന്ദ്രങ്ങളിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് അപേക്ഷ ഒന്നിന് 10 രൂപ ഫീസ് നല്‍കണം. ഇതിനൊപ്പം പ്രിന്റിംഗിനും സ്‌കാനിംഗിനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകളും നല്‍കണം. അപേക്ഷയുടെ നിജസ്ഥിതി ഈ ഓണ്‍ലൈന്‍ സംവിധാനം വഴി മൊബൈല്‍ ഫോണ്‍ നമ്പരും അപേക്ഷയുടെ നമ്പരും ഉപയോഗിച്ച് 24 മണിക്കൂറും പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *