ന്യൂസിലാണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകളും, ജയം ഒമ്ബത് വിക്കറ്റിനു, മന്ഥാനയ്ക്ക് ശതകം

ഓള്‍റൗണ്ട് മികവില്‍ ന്യൂസിലാണ്ടിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍. ഇന്ന് നേപ്പിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ 192 റണ്‍സിനു ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട ശേഷം ഇന്ത്യ 33 ഓവറില്‍ നിന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. ജയം മൂന്ന് റണ്‍സ് അകലെ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 104 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയ സ്മൃതി മന്ഥാനയെ അമേലിയ കെര്‍ പുറത്താക്കുകയായിരുന്നു. 81 റണ്‍സുമായി ജെമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.

48.4 ഓവറിലാണ് ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. ഏക്ത ബിഷ്ടും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

സൂസി ബെയ്റ്റ്സ് 36 റണ്‍സ് നേടി ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആമി സാത്തര്‍വൈറ്റ്(31), അമേലിയ കെര്‍(28), സോഫി ഡിവൈന്‍(28) എന്നിവരും നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കാലിടറുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാന-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. 190 റണ്‍സ് കൂട്ടുകെട്ട് നേടിയ സഖ്യം വിജയത്തിനു മൂന്ന് റണ്‍സ് അകലെയാണ് തകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *