മുംബൈയില്‍ 16 കാരിയെ ബലാത്സംഗം ചെയ്ത 60 വയസ്സ്‌കാരന്‍ അറസ്റ്റില്‍

മുംബൈ: മുംബൈയിലെ സേവ്രിയില്‍ 16 കാരി പീഡനത്തിന് ഇരയായി. വീട്ടില്‍ വൈകിയെത്തിയതിനെ
തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് രാത്രി വീട് വിട്ടു ഇറങ്ങുകയായിരുന്നു.

അസമയത്ത് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കാനെത്തിയതായിരുന്നു ഗണേഷ് കൃഷ്ണ ഷെട്ടി (60). താന്‍ അനാഥയാണെന്നും ഒരു ജോലിക്ക് വേണ്ടി അലയുകയാണെന്നും പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഷെട്ടി ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോയത്.

ലോഡ്ജില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിര്‍ത്താതെ കരയുവാന്‍ തുടങ്ങിയതോടെ ഇയാള്‍ തിരിച്ചു പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ആഹാരം വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു ഷെട്ടി പുറത്തു പോയ സമയത്താണ് കരഞ്ഞു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ റെയില്‍വേ പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

നടന്ന സംഭവങ്ങളെല്ലാം പെണ്‍കുട്ടി പോലീസിനെ ധരിപ്പിച്ചു. പിന്നീട് ആഹാരവുമായി തിരിച്ചെത്തിയ ഷെട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തട്ടി കൊണ്ട് പോകലിനും ബലാത്സംഗത്തിനും കേസ് ചാര്‍ജ് ചെയ്തു. ഫെബ്രുവരി 25 ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *