പി കെ കുഞ്ഞനന്തന് ടി പി കേസില്‍ പങ്കില്ലെന്ന കോടിയേരിയുടെ പ്രസ്താവന കോടതിയെ വെല്ലുവിളിക്കല്‍: കെ കെ രമ

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി കെ കുഞ്ഞനന്ദന്‍ പ്രതിയല്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനെന്നും സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കാവൂ എന്നാണ് അവരുടെ നിലപാടെന്നും കെകെ രമ കൂട്ടിച്ചേര്‍ത്തു.

പികെ കുഞ്ഞനന്തന് ടിപി വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നും കുഞ്ഞനന്തനെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞവരുടെ പേരില്‍ പൊലീസ് നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞനന്തനെ കേസില്‍ ബോധപൂര്‍വം പ്രതി ചേര്‍ത്തതാണെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കുഞ്ഞനനന്തനെ ഗൂഢാലോചനക്കുറ്റം ചുമത്തി ടിപി വധക്കേസില്‍ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് പാര്‍ട്ടിക്ക് പൂര്‍ണ്ണബോധ്യമുണ്ട്. പൊലീസ് കള്ളത്തെളിവുണ്ടാക്കിയാണ് കുഞ്ഞനന്തനെ കുടുക്കിയത്. ഒരു പാര്‍ട്ടി അംഗത്തെ കേസില്‍ കുടുക്കിയാല്‍ അത് ശരിയാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്. തെറ്റായി ഒരാളെ പ്രതിചേര്‍ത്താല്‍ പാര്‍ട്ടി അംഗീകരിക്കില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പ്രതി ചേര്‍ത്താല്‍, സംഭവത്തില്‍ അവര്‍ക്ക് ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി അവരെ വച്ചുപൊറുപ്പിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *