ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക്കിസ്ഥാന് സ്വദേശിയായ തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞ് കൊന്നു. രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ചാരപ്രവൃത്തിക്ക് ശിക്ഷയനുഭവിച്ച് വരികയായിരുന്ന ഷക്കീറുള്ള എന്നയാളാണ് കൊല്ലപ്പെട്ടത്.പുല്‍വാമ ആക്രമണത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാന് സ്വദേശിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചനകള്‍.
പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന് ഇന്ത്യന്‍ ജയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
