ശബരിമല: സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്‌എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്‌എസ്. വിശ്വാസവിഷയത്തില്‍ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. നിലപാട് തിരുത്തേണ്ടത് സര്‍ക്കാരെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പലൂടെ വ്യക്തമാക്കുന്നു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായത്. പിന്നീട് അത് സംബന്ധിച്ച്‌ ഒരു ചര്‍ച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എന്‍എസ്‌എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.

ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്‌എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്ക്കും, നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *