കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.ഇത് സംബന്ധിച്ചുളള പ്രഖ്യാപനം മാര്‍ച്ച്‌ 4ന് ഉണ്ടായേക്കുമെന്നും സൂചന. ഇക്കാര്യം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചു.അതേസമയം ഗവര്‍ണര്‍ സ്ഥാനമൊഴിയും. തിരുവനന്തപുരത്തെ പട്ടികയില്‍ കുമ്മനം മാത്രം. അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളും.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന് ബിജെപി നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ഉന്നയിച്ചത്. കെ.സുരേന്ദ്രനും തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പര്യമറിയിച്ചതായി സൂചനയുണ്ടായിരുന്നു.

ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍ കൂടി പങ്കെടുത്ത സംസ്ഥാന നേതൃ യോഗത്തിലാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നത്.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരത്ത് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്നായിരുന്നു ആവശ്യം. ശബരിമല വിഷയത്തെത്തുടര്‍ന്ന് അനുകൂല സാഹചര്യമാണുള്ളതെന്നും കുമ്മനം നിന്നാല്‍ അത് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *