മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റില്‍ തീരുമാനമായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റില്‍ തീരുമാനമായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ്സുമായും യു ഡി എഫിലും ചര്‍ച്ച തുടരുമെന്നും ഒമ്ബതിന് ചേരുന്ന പ്രവര്‍ത്തക സമിതിക്ക് മുമ്ബായി അന്തിമ തീരുമാനമുണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും പിന്നോട്ട് പോവാതെ ചര്‍ച്ചകള്‍ തുടരാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചത്.

യു ഡി എഫിലും കോണ്‍ഗ്രസുമായും ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ മാസം ഒമ്ബതിന് കോഴിക്കോട്ട് ചേരുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതിക്ക് മുമ്ബായി അന്തിമ തീരുമാനത്തിലെത്തുകയാണ് ലക്ഷ്യം.

നേരത്തേ ലീഗ് വിട്ടു നല്‍കിയ രാജ്യ സഭാ സീറ്റ് തിരിച്ചു നല്‍കുക, ഒപ്പം നിയമ സഭയിലേക്ക് അധിക സീറ്റ് അനുവദിക്കുക തുടങ്ങിയ ബദല്‍ നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗിന് മുന്നില്‍ വെച്ചിട്ടുള്ളത്.

ഇക്കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയും ചര്‍ച്ച ചെയ്യും. മുന്നണിയില്‍ കുഴപ്പങ്ങളുണ്ടാക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഹൈദരലി തങ്ങളുടെ അഭിപ്രായം.

അതേസമയം മുസ്ലിം ലീഗ് മത്സരിക്കുന്ന പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ നിലവിലെ സ്ഥാനാര്‍ത്ഥികള്‍ മാറേണ്ടതില്ലെന്ന തീരുമാനത്തിലാണ് ലീഗ് നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *