ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിനും തുഷാര്‍ വെള്ളാപ്പള്ളിക്കും തലവേദന സൃഷ്ടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തെരഞ്ഞെടുപ്പില്‍ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന മുന്‍ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഭാരവാഹിത്വം രാജിവച്ച ശേഷമായിരിക്കണമെന്നും അറിയിച്ചു. തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യം തന്നോട്ട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ എന്‍ഡിഎയ്ക്ക് കിട്ടിയ വോട്ടും മറ്റു രണ്ട് മുന്നണികള്‍ക്ക് കിട്ടിയ വോട്ടും താരതമ്യം ചെയ്താല്‍ തന്നെ ആര്‍ക്കും കാര്യങ്ങള്‍ പിടികിട്ടുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എന്‍ഡിഎയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി തിരുവനന്തപുരത്ത് കുമ്മനത്തിന് മാത്രമാണ് സാധ്യത കല്പിച്ചത്.
