ഡെറാഡൂണ്‍ : രാവിലെ വടക്കനെ ബി ജെ പിയില്‍ എത്തിച്ച അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. വൈകിട്ടോടെ മുന്‍ മുഖ്യമന്ത്രിയുടെ മകനെ കോണ്‍ഗ്രസില്‍ എത്തിച്ച് രാഹുല്‍ ഞെട്ടിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്രക്കെതിരെ മകന്‍ മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം.
ശനിയാഴ്ച രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വെച്ച് മനീഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. പിതാവിന്റെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
എന്നാല്‍ വര്‍ത്തയെക്കുറിച്ച് മനീഷ് ഇതുവരെ പ്രതികരിച്ചില്ല. എന്നാല്‍ മനീഷ് ബിജെപി അംഗം അല്ലെന്നായിരുന്നു വാര്‍ത്തയെക്കുറിച്ച് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പല പ്രമുഖ നേതാക്കളും സ്വന്തം പാര്‍ട്ടി വിടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
