ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കണം; രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ച്‌ നേതാക്കള്‍

ബെംഗളൂരു: രാഹുല്‍ ഗാന്ധി അമേഠി കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

കര്‍ണാടകത്തില്‍ ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം. കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയിട്ടുണ്ട്.

രാഹുല്‍ഗാന്ധി മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കര്‍ണാടകത്തില്‍ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുല്‍ഗാന്ധിയും പിന്തുടരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.കര്‍ണാടകം കൂടാതെ തമിഴ്‌നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധിക്കായി ഉയര്‍ത്തിക്കാട്ടുന്നത്.

കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന് വിടി ബല്‍റാമും കെഎം ഷാജിയും ആവശ്യമുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *