ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന കടുവയുടെ ദൃശ്യങ്ങള്‍ വയനാട്ടിലേതു തന്നെ; സ്ഥിരീകരിച്ച്‌ വനംവകുപ്പ്

വയനാട്: ബൈക്ക് യാത്രക്കാര്‍ക്കുനേരേ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വയനാട്ടിലേതു തന്നെയെന്ന് സ്ഥിരീകരിച്ച്‌ വനംവകുപ്പ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡിലാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നതെന്നും കാടിന് നടുവിലൂടെയുള്ള വനപാതയാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

കടുവ റോഡ് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാകാം ബൈക്ക് യാത്രികരുടെ മുന്നില്‍ പെട്ടതെന്നും വണ്ടിയുടെ ശബദം കേട്ട പരിഭ്രാന്തിയില്‍ ഓട്ടത്തിന്റെ വേ​ഗത കൂട്ടിയതാകാമെന്നും അധികൃതര്‍ പറഞ്ഞു. വിഡിയോയില്‍ കാണുന്ന സ്ഥലം നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് സ്ഥിരീകരണം അറിയിച്ചത്. ഈ പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളും വിഡിയോയിലെ ദൃശ്യങ്ങളും സമാനമാണെന്നും അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ അടുത്തകാലത്ത് പകര്‍ത്തിയത് ആകാമെന്നാണ് ഉദ്യോ​ഗസ്ഥര്‍ കരുതുന്നത്. അതേസമയം വിഡിയോ ചിത്രീകരിച്ചവരെ കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടി‌ല്ല.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ബൈക്ക് യാത്രികരുടെ മുന്‍പിലേക്കു കടുവ ചാടുന്നതായിരുന്നു ദൃശ്യങ്ങളില്‍. മിന്നല്‍ വേഗത്തിലായിരുന്നു റോഡരികില്‍ നിന്നിരുന്ന ഒരു കടുവ ബൈക്ക് യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്തത്. ല. ബൈക്കിന് പുറകേ അല്‍പ്പം ഓടിയ കടുവ റോഡ് മുറിച്ചു കടന്ന് കാട്ടിനുള്ളിലേക്ക് പോയി മറയുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *