ഒരാഴ്ച പിന്നിട്ടപ്പോള്‍ നിലപാട് മാറ്റി; ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു

റോതക്: പീഡന- കൊലപാതക കേസുകളില്‍ ജീവപര്യന്തം നേരിടുന്ന ഗുര്‍മീത് റാം റഹീം പരോള്‍ അപേക്ഷ പിന്‍വലിച്ചു. ദേരാ സച്ചാ സൗദാ തലവന്‍ കൂടിയായ ഗുര്‍മീത് സിങ് പരോള്‍ അപേക്ഷ നല്‍കിയതിനു പിന്നാലെ വന്‍ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതോടെയാണ്‌ ഗുര്‍മീത് അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്. ഹരിയനയിലെ ജയില്‍ അധികൃതര്‍ തന്നെയാണ് പരോള്‍ അപേക്ഷ പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം പുറത്ത് വിട്ടിട്ടില്ല. തന്റെ കൃഷി സ്ഥലത്തു കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നായിരുന്നു ഗുര്‍മീതിന്റെ ആവശ്യം. 42 ദിവസത്തെ പരോളായിരുന്നു ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജൂണ്‍ 18ന് ജില്ലാ ഭരണകൂടത്തിന് കത്തു നല്‍കുകയും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

ഗുര്‍മീത് ജയിലില്‍ പെരുമാറുന്നത് മതിപ്പുള്ള രീതിയില്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമായിരുന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞത്. ഗുര്‍മീതിന് പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങളെല്ലാം കത്തി നില്‍ക്കെയാണ് ഗുര്‍മീത് പരോള്‍ പിന്‍വലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *