ഫോട്ടോഷൂട്ടിനിടയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി നടനും സംവിധായകനുമായ മണ്ടര്‍ കുല്‍ക്കര്‍ണിയെയാണ് പൂണെ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23നാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഡെക്കാന്‍ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.
ഇരുപത്തിനാലുകാരനായ കുല്‍ക്കര്‍ണി നാടകനടനാണ്. തീയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകളും നടത്താറുള്ള കുല്‍ക്കര്‍ണി അത്തരമൊരു വര്‍ക്ക്‌ഷോപ്പിനിടയിലാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നതെന്ന് പോലീസ് പറയുന്നു.
ആഗസ്റ്റ് 16ന് കുല്‍ക്കര്‍ണി പെണ്‍കുട്ടിയെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. തന്റെ നാടകത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വരുത്തിയത്. പെണ്‍കുട്ടിക്ക് ധരിക്കാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ശേഷം ചില ഫോട്ടോകളുമെടുത്തു. പിന്നീട് ഒരു ബിക്കിനി നല്‍കി അതു ധരിക്കാന്‍ അയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീടു ധരിച്ചു. ബിക്കിനി ധരിച്ച പെണ്‍കുട്ടിയുടെ ഫോട്ടോകളും അയാള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഐ പി സി സെക്ഷന്‍ 354 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുളള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
