ന്യൂഡല്‍ഹി: ഹിന്ദി ദിവസിനോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ‘ഒരു രാജ്യം ഒരു ഭാഷ’ പ്രസ്താവനക്ക് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി എം.പി. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ പ്രതികരണം.
ഹിന്ദി എല്ലാവരുടെയും മാതൃഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്കാരം എന്നിവക്കുള്ള അവകാശം ആര്‍ട്ടിക്ക്ള്‍ 29 നല്‍കുന്നു. ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വയെക്കാളും വലുതാണ് ഇന്ത്യ -എ.ഐ.എം.ഐ.എം നേതാവ് ഉവൈസി ട്വിറ്ററില്‍ പറഞ്ഞു.
