പാലായില്‍ സംഭവിച്ചത് കൈത്തെറ്റ്; സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം തന്നെയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത് കൈത്തെറ്റ് മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യഥാര്‍ഥ ജനവധി വരാനിരിക്കുന്നത് അഞ്ചിടത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലാണ്. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം തന്നെയാണ് നിലനില്‍ക്കുന്നതെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ആരോപിച്ചു.

ഇടത് മുന്നണിക്കും സി.പി.എമ്മിനുംഈ വിജയത്തില്‍ഒരു മേനിയും അവകാശപ്പെടാനില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പാലായില്‍ അധികാര ദുര്‍വിനിയോഗം നടത്തി. മൂന്ന് ദിവസം സെക്രട്ടേറിയേറ്റിന് അവധി പ്രഖ്യാപിച്ചു.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഇടപെട്ടിട്ടുണ്ട്. ഘടകകക്ഷികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പരിധിയുണ്ട്. ഇപ്പോള്‍ സംഭവിച്ചത് കൈത്തെറ്റ് മാത്രമാണ്. യു.ഡി.എഫിന്റെ അടിത്തറയില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.വരാന്‍ പോകുന്ന അഞ്ച്ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നു.

പാലായില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ട് കച്ചവടം നടന്നു. എന്നിട്ടും എല്‍.ഡി.എഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 44 വോട്ടിന്റെ കുറവുണ്ടായി. സാങ്കേതികമായി പാലായില്‍ യു.ഡി.എഫ് പരാജയപ്പെട്ടിരിക്കുന്നു. യു.ഡി.എഫിന് വോട്ട് ചെയ്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *