എണ്ണം കൊണ്ട് അപൂര്‍വ്വം തയ്യില്‍ സംഗമം

മലപ്പുറം: കുടുംബ ബന്ധങ്ങള്‍ക്ക് വില കുറയുന്ന കാലത്ത് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായി ഒരു കുടുംബ സംഗമം. തയ്യില്‍ കുടുംബ സംഗമമാണ് ഈ മാസം 24ന് പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുക. തയ്യില്‍ കുടുംബത്തിലെ 20,000ഓളം പേര്‍ പങ്കെടുക്കും. കുടുംബ ബന്ധങ്ങള്‍ അന്യാധീനപ്പെടുന്ന കാലഘട്ടത്തില്‍ നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ ബന്ധത്തിന്റെ വിലയും പവിത്രതയും സാമൂഹിക പ്രതിബന്ധതയും പകരുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. കുടുംബത്തിലെ വീടില്ലാത്തവര്‍ക്കായി വര്‍ഷത്തില്‍ ഒരു വീട്, രോഗികള്‍ക്കായി സഹായം, വിദ്യാഭ്യാസ സഹായം എന്നിവയുടെ പ്രഖ്യാപനവും അന്നുണ്ടാവും. പലിശരഹിത വായ്പയിലൂടെ തൊഴില്‍ ദാന പദ്ധതിയും മറ്റൊരു ലക്ഷ്യമാണ്. അംഗങ്ങളുടെ മെമ്പര്‍ഷിപ്പിലൂടെ കിട്ടുന്ന തുകയും തയ്യില്‍ കുടുംബത്തിലെ ഉന്നതരായ വ്യക്തികളുടെ സഹായവും തേടിയാണ് സഹായ പദ്ധതികള്‍ നടപ്പാക്കുന്നത്. രാവിലെ 8.30ന് പതാക ഉയര്‍ത്തുംതുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് തയ്യില്‍ സ്വാഗതം പറയും. തയ്യില്‍ ഫാമിലി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ടി എച്ച് കുഞ്ഞാലി ഹാജി അധ്യക്ഷനാവും. ചെയര്‍മാന്‍ ഡോ അബൂബക്കര്‍ തയ്യില്‍ ഉദ്ഘാടനം ചെയ്യും. ഇ അഹമ്മദ് എം പി, ഇപ്പമുസ്ലിയാര്‍, ടി എച്ച് ദാരിമി, ടി പി അബ്ദുള്ളക്കോയ മദനി, സ്വാമി ശക്തി ബോധാനന്ത, റിട്ട. ജഡ്ജ് അലി മുഹമ്മദ്, ഉമ്മര്‍ മങ്കട തുടങ്ങിയവര്‍ പങ്കെടുക്കും. വിദേശ പ്രതിനിധികളായി മുനീര്‍ അല്‍ഖാത്തിബ്, അബ്ദുല്‍ വാഹിദ് അല്‍ഖാത്തിബ്, അബ്ദുല്‍ ലത്തീഫ് അല്‍ഖാത്തിബ്, അബ്ദുല്‍ അസീസ് അല്‍ഖാത്തിബ്, ബുഷൈര്‍ അല്‍ഖാത്തിബ് എന്നിവരും ചടങ്ങിനെത്തും.
ഒരുവര്‍ഷത്തില്‍ ഒരു വീട് പ്രഖ്യാപനം സാദിഖലി ശിഹാബ് തങ്ങളും സ്മരണികാ പ്രകാശനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ലോഗോ പ്രകാശനം മന്ത്രി എ പി അനില്‍കുമാറും, സാമ്പത്തിക സഹായ വിതരണം മന്ത്രി മഞ്ഞളാംകുഴി അലിയും അവാര്‍ഡ് വിതരണം  മുന്‍ എം എല്‍ എ വി ശശികുമാറും നിര്‍വ്വഹിക്കും. കുടുംബത്തിലെ മഹനീയരെ ആദരിക്കും. രണ്ടു മണിക്ക് കൗണ്‍സിലിംഗ് ക്ലാസ് ഡോ ടി കെ അഷ്‌റഫ് നയിക്കും. മൂന്നു മണിക്ക് സഹൃദയ സംഗമം ഡോ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. ടി കെ ഹംസ അധ്യക്ഷനാവും. തുടര്‍ന്ന് ഉഗ്രം ഉജ്വലം ലോകറിക്കാര്‍ഡര്‍ ഷെരീഫിന്റെ പ്രദര്‍ശനവും കെ വി അബൂട്ടിയും സംഘവും നയിക്കുന്ന ഗാനമേളയുമുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *