ബൈക്കിലെത്തി മാല മോഷണം; മോഷ്ടാക്കളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പൊന്നാനി പോലീസ്

എടപ്പാള്‍: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചു. മറ്റു രണ്ടിടങ്ങളില്‍ ഇതേ രീതിയില്‍ മോഷണ ശ്രമവും നടന്നു. ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്.

ഇവരുടെ ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ അമിത വേഗം ബൈക്കില്‍ രക്ഷപ്പെട്ടു. അതേസമയം, സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.

രാവിലെ 9ന് ആണ് മാണൂര്‍ വില്ല റോഡിലൂടെ നടന്നുപോകുകയായിരുന്ന മുഞ്ഞത്ത് നാരായണന്‍ കുട്ടിയുടെ ഭാര്യ ശോഭനയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍
പൊട്ടിക്കാന്‍ ശ്രമിച്ചത്. പിടിവലിക്കിടെ മാല വേര്‍പെട്ട് റോഡില്‍ വീണതോടെ സംഘം രക്ഷപ്പെട്ടു.

അല്‍പസമയത്തിനുള്ളില്‍ തണ്ടിലത്തും സമാനമായ രീതിയില്‍ മാല പൊട്ടിക്കാന്‍ ശ്രമം നടന്നു. യുവതിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ സ്ഥലംവിട്ടു. പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷ്ടാക്കളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

മാല മോഷ്ടാക്കളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പൊന്നാനി പോലീസ്. നേരത്തേയും സമാനമായ രീതിയില്‍ മാല മോഷണം നടന്നിരുന്നു. അന്നും പാരിതോഷികം പ്രഖ്യാപിച്ച്‌ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടിയിരുന്നു. സൂചന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *