ആചാരസംരക്ഷണം ബിജെപിക്ക് തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല; ശബരിമലയിലെ അന്തിമ വിധി അനുകൂലമല്ലെങ്കില്‍ മോഡി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും; മുരളീധരന്‍

പത്തനംതിട്ട: ആചാര സംരക്ഷണം ബിജെപിക്ക് കേവല തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല യുവതീപ്രവേശവിഷയത്തില്‍ അന്തിമവിധി അനുകൂലമല്ലെങ്കില്‍, നിയമനിര്‍മ്മാണംനടത്താന്‍ മോഡി സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് മുരളീധരന്‍ കോന്നിയില്‍ പറഞ്ഞു.

ആചാരസംരക്ഷണം ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല. ശബരിമലയിലും, പിറവംപള്ളിയിലും ഇടതുസര്‍ക്കാരിന് രണ്ട് നിലപാടാണെന്ന് ജനംതിരിച്ചറിഞ്ഞു. കോന്നിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വി മുരളീധരന്‍ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇടതുസര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിധിനടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകിയതെന്തെന്നും ചോദിച്ചു. ശബരിമലയില്‍ കാട്ടിയ ധൃതി പിറവത്ത് കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രീംകോടതി അന്തിമവിധിക്കായി കാത്തിരിക്കുകയാണ്. വിധി അനുകൂലമല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്,
അദ്ദേഹം പറഞ്ഞു. എന്‍എസ്‌എസിനെ മാറ്റിനിര്‍ത്തി എന്ത് നവോത്ഥാനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച കേന്ദ്രമന്ത്രി കെ സുരേന്ദ്രന്റെ ശബരിമല സമരത്തെ മന്നത്ത് പദ്മനാഭന്റെ സാമൂഹ്യ ഇടപെടലുമായി താരതമ്യപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *