ന്യൂഡല്‍ഹി : സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെയും ഉന്നാവിലെയും ബലാത്സംഗക്കൊലകളില്‍ രാജ്യത്തുടനീളം പ്രതിേഷധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
അതേസമയം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ പ്രതികരണത്തിനു മറുപടിയുമായി ഉപരാഷ്ട്രപതി രംഗത്തെത്തി. നീതി വൈകുന്നതില്‍ എല്ലാവര്‍്ക്കും ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
പുണെയില്‍ നടക്കുന്ന പൊലീസ് മേധാവികളുടെ സമ്മേളനത്തിലാണ് കാര്യക്ഷമമായ പൊലീസ് സംവിധാനത്തിന്റെ ആവശ്യകത മോദി വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നവിധത്തില്‍ പൊലീസിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. സാധാരണക്കാരുമായി സംവദിച്ചും അവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടും പൊലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ സഹായകരമാകും. ദൈനംദിന ജോലികളില്‍ പൊലീസ് സമ്മര്‍ദം അനുഭവിക്കുന്നുണ്ടെങ്കിലും ദേശീയ താല്പര്യം മുന്‍നിര്‍ത്തി സമൂഹത്തിലെ ദുര്‍ബലരുടെയും പാവെപ്പട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഐപിസിക്കും സിആര്‍പിസിക്കും ആവശ്യമായ ഭേദഗതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഏതാനും ദിവസങ്ങള്‍ മുമ്ബ് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. ഇതിന് അനുബന്ധമായാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അതേസമയം പുതിയ നിയമനിര്‍മാണം നടത്തുന്നതിനുപകരം രാഷ്ട്രീയ ഇച്ഛയും ഭരണ മികവുമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യം എന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതി വൈകുന്നതില്‍ എല്ലാവര്ക്കും കടുത്ത ആശങ്കയുണ്ടെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കി.
