കേരളാ പോലീസും ഇനി സ്‌പോര്‍ട്‌സ് ബൈക്കില്‍ പറപറന്നെത്തും; ജപ്പാനീസ് കരുത്തനെത്തിയത് സൗജന്യമായി

കോഴിക്കോട്: വിദേശരാജ്യങ്ങളിലെ പോലീസ് സേനകളെ പോലെ ഇനി കേരളാ പോലീസും ബൈക്കുകളില്‍ പറപറക്കും. ട്രാഫിക് ബ്ലോക്കുകളെ വകവെയ്ക്കാതെ കേരള പോലീസിനും എവിടേയും പറന്നെത്താന്‍ സഹായിക്കുന്ന അഞ്ച് സ്‌പോര്‍ട്‌സ് ബൈക്കുകളാണ് സേനയ്ക്ക് സ്വന്തമായത്. കോഴിക്കോട്ടെ ട്രാഫിക്ക് പോലീസിനാണ് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി അഞ്ച് ജിക്സര്‍ 250 ബൈക്കുകള്‍ സമ്മാനിച്ചത്. സുസുക്കിയുടെ കോര്‍പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് ബൈക്കുകള്‍ നല്‍കിയത്.

കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ ബൈക്കുകള്‍ ഉപയോഗിക്കുക. പോലീസിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം കൈമാറിയത്. മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കാനാണിത്. ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍, സൈഡ് ബോക്‌സുകള്‍, വിന്‍ഡ് ഷീല്‍ഡ് എന്നിവ ഈ ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിന്‍ഡ് ഷീല്‍ഡ്, സൈഡ് ബോക്‌സ്, പെട്രോള്‍ ടാങ്ക് എന്നിവിടങ്ങളില്‍ പോലീസ് സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ജിക്‌സര്‍ 250-യാണ് പോലീസിന് സ്വന്തമായത്.

249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ജിക്‌സര്‍ എസ്‌എഫിന്റെ കരുത്ത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈസി സ്റ്റാര്‍ട്ട് സിസ്റ്റവും വാഹനത്തിലുണ്ട്. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും ഇരട്ട ചാനല്‍ എബിഎസുമാണ് സുരക്ഷ.

Leave a Reply

Your email address will not be published. Required fields are marked *