തിരുവനന്തപുരം: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും സംപ്രേഷണം പുനരാരംഭിച്ചു. ഇന്നലെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ ഫ്ലാറ്റ്‌ഫോമുകളില്‍ രാത്രി 7.30 മുതല്‍ ചാനലുകള്‍ ലഭ്യമായിരുന്നില്ല.
വര്‍ഗീയ പരാമര്‍ശമുള്ളതും കലാപത്തിന് പ്രോത്സാഹനം നല്‍കുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് തടയുന്ന 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നല്‍കിയ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് രണ്ടു ചാനലുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വാര്‍ത്താ സംപ്രേക്ഷണത്തില്‍ ജാഗ്രത പാലിച്ചെന്ന ചാനലുകളുടെ വിശദീകരണം മന്ത്രാലയം തള്ളി. മാര്‍ച്ച് എട്ട് രാത്രി ഏഴര വരെയാണ് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിലക്കിനെതിരെ പ്രതിഷേധം ശക്‌തമായിരുന്നു.
