കോഴിക്കോട്: ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ എം.പി. കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്റെ ഭീഷണി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ചാനല്‍ വിലക്കില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയും മുരളീധരന്‍ രംഗത്ത് വന്നു. ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് വി. മുരളീധരന്‍ കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ കേന്ദ്രം തയ്യാറായത് ജനരോഷം ഭയന്നാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പറയുന്നതല്ല കേരളത്തില്‍ നിന്നുള്ള വി. മുരളീധരന്‍ പറയുന്നത്. എന്തും പറയാമെന്ന് വി.മുരളീധരന്‍ കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
