കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 31) മുതല്‍ 543 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,642 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 102 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 87 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒമ്പത്, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാളും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 12,517 പേര്‍ വീടുകളിലും 23 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
