ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സ്മാര്‍ട്ട് ലോക്ഡൗണ്‍ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെ 2 ആഴ്ച്ചകൂടി ലോക്ഡൗണ്‍ നീട്ടുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സോണുകളാക്കി മാറ്റിയാകും ഇനി നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്നാണ് സൂചന.
റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളാണ് ഉണ്ടാവുക.
എന്താണ് റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളെന്ന് നോക്കാം
റെഡ് സോണ്‍ : കൊവിഡ് രോഗബാധ ഏറ്റവും രൂക്ഷമായ മേഖലയാണ് റെഡ് സോണ്‍. രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കും. ഇവിടെ യാതൊരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.
ഓറഞ്ച് സോണ്‍: പരിമിതമായി പൊതുഗതാഗതം അനുവദിക്കും. കാര്‍ഷിക മേഖളയിലെ വിളവെടുപ്പ് തുടങ്ങി അത്യാവശ്യം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞ മേഖലകളെയാണ് ഓറഞ്ച് സോണായി പ്രഖ്യാപിക്കുക.
ഗ്രീന്‍ സോണ്‍: കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങള്‍ ഗ്രീന്‍സോണായി പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇവിടെ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സൂഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണിനു ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
