ലോക്ഡൗണ്‍ ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമിച്ചതിന് വരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുറാദ്‌നഗര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വീട്ടിലാണ് വിവാഹം സംഘടിപ്പിച്ചിരുന്നത്. ഏപ്രില്‍ 12, 13 തീയതികളില്‍ ദേശീയപാത 58ന് സമീപം രാവലി റോഡില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന് പൊലിസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 13ന് രാവിലെ സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് വിവാഹ ചടങ്ങ് നടക്കുന്നതായി അറിഞ്ഞത്.
വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് ഗാസിയാബാദ് എസ്‌എസ്‌പി കലാനിധി നൈഥാനിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
