മലപ്പുറം: ദീര്‍ഘകാലം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു.കെ.ഭാസി (75) നിര്യാതനായി. കെ.പി.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം സ്വദേശമായ താനൂര്‍ കാട്ടിലങ്ങാടിയിലെ വീട്ടുവളപ്പില്‍ നടക്കും.
നീണ്ട 20 വര്‍ഷം മലപ്പുറം ഡി.സി.സി.പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം ആ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ച നേതാവാണ്.1981 മുതല്‍ 2001 വരെ ജില്ലാ പ്രസിഡന്റായ അദ്ദേഹം മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിനെ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു വിന്റെ മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. 2001 മുതല്‍ 12 വര്‍ഷക്കാലം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു. താനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. താനൂര്‍ അര്‍ബന്‍ ബാങ്ക് സ്ഥാപകനുമാണ്.
ഭാര്യ: ശശിപ്രഭ. മക്കള്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.യു.കെ.അഭിലാഷ്,ധന്യ,ഭവ്യ.
