പത്തനംതിട്ട: പത്തനംതിട്ട ടൗണില്‍ അലഞ്ഞുതിരിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തുന്നവരെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ച് വീണ ജോര്‍ജ് എംഎല്‍എ. പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും സഹായത്തോടെയാണ് ആളുകളെ അഗതികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പകല്‍ കഴിച്ചുകൂട്ടുകയും രാത്രി കടത്തിണ്ണകളില്‍ ഉറങ്ങുകയും ചെയ്യുന്ന ഇവര്‍ ഉച്ചസമയത്ത് ഭക്ഷണത്തിനായി നഗരത്തിലെത്തും. അഗതികള്‍ക്ക് ആയി ഷെല്‍ട്ടര്‍ ഹോം തുറന്നിട്ടുണ്ട് എങ്കിലും ദിവസവും 25 ഉം 30 ഉം പേരാണ് ഭക്ഷണത്തിനായി നഗരത്തില്‍ കൂടുന്നത്. ആരെങ്കിലും ഭക്ഷണം നല്‍കുമോ എന്ന് കരുതി കാത്തിരിക്കും. ഭക്ഷണ പൊതിയുമായി ആരെങ്കിലും എത്തിയാല്‍ ഓടിയടുക്കും. ഇല്ലെങ്കില്‍ വിശപ്പോടെ മടങ്ങും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ടൗണില്‍ എത്തിയ വീണ ജോര്‍ജ് എംഎല്‍എ ഇക്കാര്യം നേരില്‍ കണ്ടു. ഇന്നലെ (വെള്ളിയാഴ്ച ) രാവിലെ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണുമായി എംഎല്‍എ ഇക്കാര്യം സംസാരിച്ചു. ഇവരെ സഹായിക്കുന്നതിന് പോലീസ് സഹകരണം ഉറപ്പാക്കി. കോഴഞ്ചേരി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരും സ്ഥലത്തെത്തി.
