തിരുവല്ലനഗരത്തില്‍ കഞ്ചാവ് മാഫിയ സജീവം

തിരുവല്ല: നഗരത്തില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു. പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിവിധ ഇടങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ വിലസുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് ലോക്കല്‍ പോലീസിന് വിവരം നല്‍കിയതായാണ് സൂചന. നഗരത്തിലെ ഒരുപ്രമുഖ വിദ്യാലയത്തില്‍ നിന്ന് കഞ്ചാവ് ഉപയോഗിച്ച് മൂന്ന് വിദ്യാര്‍ഥികളെ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. പ്രദേശികമായുള്ള ഇടനിലക്കാര്‍ മുഖേനയാണ് ലഹരിവസ്തുക്കളുടെ വിതരണം. ആവശ്യക്കാര്‍ ഏറിയതോടെ വില്‍പ്പനക്കാരുടെ ഇടയില്‍ കുടിപ്പകയും അക്രമവും പതിവാകുകയാണ്. പരാതിപ്പെടാന്‍ ആളില്ലാതെ വന്നതോടെ പോലീസിന് കേസെടുക്കാനും താത്പര്യമില്ലാതായി. കഴിഞ്ഞ ദിവസം എടത്വാ കേന്ദ്രീകരിച്ച് നടന്ന വില്‍പ്പനയ്ക്കിടെ മാഫിയകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും ആരുടെയും പേരില്‍ കേസെടുത്തില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വലയിലാക്കി 50 മുതല്‍ 100 രൂപ പ്രകാരം ദിവസവേതനം നല്‍കിയാണ് ഇപ്പോള്‍ കഞ്ചാവ് ലോബി ലഹരി മരുന്ന് വില്‍പ്പന നടത്തുന്നതെന്നു പറയുന്നു. അപ്പര്‍ കുട്ടനാട് കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് നഗരത്തിലെ പ്രധാന വിതരണക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *